Sunday, July 30, 2023

ശ്മശാനത്തിന്റെ കാവൽക്കാരൻ - ഹബീബ് കാവനൂർ


പൂന്തോട്ടത്തിൽ പുതിയ

കാവൽക്കാരൻ വന്നു.

പത്ത് മണി മുല്ലയും
നാലു മണിപ്പൂവും
രാവിലെ ആറിന് തന്നെ വിരിയണം
എന്നതായിരുന്നു
ആദ്യ ഉത്തരവ്.
രാത്രി പൂക്കരുതെന്നും
മണം പരത്തരുതെന്നും
ഉത്തരവ് കിട്ടിയ
നിശാഗന്ധി അന്ന്
നട്ടുച്ച വെയിലിന്
മുന്നിൽ തലവെച്ച്
കടുംകൈ ചെയ്തു.
പൂന്തോട്ടത്തിലെ പൂക്കൾക്കെല്ലാം
ഇനി മുതൽ
ഒരു നിറമായിരിക്കണമെന്നും
ഒരേ സുഗന്ധം മതിയെന്നും
അറിയിപ്പ്.
തുളസിക്കും
ജമന്തിപ്പൂവിനും
ഇളവ് കിട്ടി.
ഇളവ് ചോദിക്കാൻ പോയ
അസർ മുല്ല - പിന്നെ
മടങ്ങി വന്നതേയില്ല.
നിയമം തെറ്റിച്ച് പൂത്ത
ചെമ്പരത്തിയെ കാവൽക്കാരൻ
വേരോടെ പറിച്ച്
പതഞ്ജലിയിലെ സ്വാമിക്ക്
ഇഷ്ട ദാനം കൊടുത്തു.

Sunday, January 15, 2023

അവലക്ഷണം -കടമ്മനിട്ട

കൈവെള്ളയിൽ കറുത്ത പുള്ളി

കൈനോട്ടക്കാരൻ പറഞ്ഞു:
അവലക്ഷണം അപായം
വിഷഭയം അഗ്നിഭയം ജലഭയം
മിത്രദോഷം മാനഹാനി
അരചകോപം വിരഹദു:ഖം ദുർമരണം
ലക്ഷണക്കേട് മാറാതെ രക്ഷയില്ലെന്നു വന്നു.
മണിബന്ധമറുത്ത് കൈപ്പത്തി കളഞ്ഞ്
അയാൾ രക്ഷപ്പെട്ടു.
തല കളഞ്ഞ് തലയിലെഴുത്തിന്റെ കേട്
മാറ്റാമെന്ന തത്വം അങ്ങനെ
അയാൾ കണ്ടുപിടിച്ചു.
ലോകവുമാഹ്ലാദിച്ചു.

Thursday, December 29, 2022

നിര്‍ഭയ - സുഗതകുമാരി

മലയിടിച്ചുവരുന്ന യന്ത്രത്തിന്റെ

വഴിയില്‍ നില്‍ക്കുന്നു കൊച്ചുതുമ്പച്ചെടി.


നെറുകയില്‍ മഴമുത്തുകള്‍ പോലവേ

വെളുവെളെപ്പുക്കള്‍ വാരിയണിഞ്ഞവള്‍;

അവളെ മൂളിക്കളിച്ചു ചുഴലുന്നു

വെയില്‍കുടിച്ചു മിനുത്ത ചിറകുകള്‍;

ഇതളില്‍ നോവാതെ ചേര്‍ന്നുറങ്ങുന്നപോല്‍

ഒരു കുരുന്നുശലഭം; ചിരിക്കുന്ന

പുലരി! കാറ്റുകള്‍! പുങ്കിളിപ്പാട്ടുകള്‍!


മലയിടിച്ചുവരുന്ന യന്ത്രത്തിന്റെ

വഴിയില്‍ നില്‍ക്കുന്നു കൊച്ചുതുമ്പച്ചെടി;

വഴിയില്‍ നില്‍പ്പു ചമഞ്ഞു തുമ്പച്ചെടി.


Wednesday, December 28, 2022

മലയാളം - യൂസഫലി കേച്ചേരി

അടുത്ത വീട്ടിലെ ചരമശയ്യയിൽ

അനക്കമറ്റത്രേ കിടപ്പു മുത്തശ്ശി

വിവരം കേട്ടു ഞാനവിടെയെത്തിയെൻ 

വിദേശിയാമൊരു സുഹൃത്തിനോടൊപ്പം.


വിരഞ്ഞു ദീർഘമായ് ശ്വസിപ്പു മുത്തശ്ശി

തരിച്ചു നില്‍ക്കയാം ജനങ്ങൾ ചുറ്റിലും

മരുന്നു വായിലേക്കൊഴിക്കാനാകാതെ

പരുങ്ങും പുത്രിയെ തടഞ്ഞൊരു വൃദ്ധൻ

പതുക്കെയോതിനാ‍ൻ "അനർത്ഥലൗകികം

മതിയിനി; ഊ‍ർദ്ധ്വവലി തുടങ്ങിപ്പോയ്"


അവിടെയപ്പൊഴുതഖില‍ർക്കും കണ്ണി‍ൽ

അകാലതാമിസ്രം ഭയമിയറ്റവേ

തല നരച്ച മറ്റൊരു വയോവൃദ്ധ 

നിലവിളക്കിന്റെയരികി‍ൽവന്നിരു-

ന്നൊരു ജീർണ്ണഗ്രന്ഥം പകുത്തു കൈകൂപ്പി-

ച്ചിരപരിചിത കവിത പാടുവാൻ 

തുടങ്ങി; മെല്ലവേയിരുളകലുന്നു

തുടുവെളിച്ചത്തി‍ൻ  തളിരിളകുന്നു.


അരിയകർപ്പൂരപ്പുകച്ചുരുൾ പോലു-

ണ്ടൊരു കീരം മച്ചിൽ പറന്നു പാടുന്നു.

കരിങ്കല്ലംഗനാ സുഷമയാകുന്നു

കിരീടതൃഷ്ണ വെന്തെരിഞ്ഞടങ്ങുന്നു

നിശാചരഗ്രസ്തം നരത്വം മുക്തിത‍ൻ

പ്രശാന്തി മന്ത്രമായ് മൃതിയെ വെല്ലുന്നു.


വിരാഗമാം പൊരുള്‍,സരാഗവാങ് മയം-

പുരാണപീയൂഷം ഒഴുകി നില്‍ക്കവേ 

നിറഞ്ഞ ചിദ്രസശമകണം മുകര്‍-

ന്നനന്തതയില്‍ ചേര്‍ന്നലിഞ്ഞു മുത്തശ്ശി.


അഴലിലാപ്പെട്ട തനൂജ തേങ്ങിനാള്‍

അഴുതു കൂറ്റുകാര്‍;മൃദുവായ് മുത്തശ്ശി

ചിരിക്കാനെന്നോണം വിടര്‍ത്തൊരാ ചുണ്ടില്‍

സ്ഫുരിച്ചു കട്ടയാം ലഘുരാമായണം.


തിരിച്ചു പോരവേ, ജനിത വിസ്മയം

തിരക്കി ചങ്ങാതി:ഇതേതു പുസ്തകം?

ഇതിന്‍ പ്രണേതാവാര്‍,മരണത്തെപ്പോലും 

കഥാകഥനത്താല്‍ കഥ കഴിച്ചവന്‍?


അരുളിനേന്‍:പാരിലഖിലഭോഗ്യവും

അരുന്തുദങ്ങളാമസഹ്യമാത്രയില്‍

മരിക്കുവോരുടെ മനസ്സിലിറ്റിക്കാന്‍ 

മരണമില്ലാത്ത മൊഴികള്‍ തീര്‍ത്തൊരാ 

കവിയെപ്പറ്റി; എന്‍ വിദേശിയാം മിത്രം

അവികലാനന്ദപുളകിതാംഗനായ്

പറഞ്ഞു: ധന്യമീ മലയാളം തുഞ്ചന്‍-

പറമ്പിലെ മൃത്യുഞ്ജയപരിമളം!

Sunday, November 13, 2022

ദേവീസ്തവം -കടമ്മനിട്ട

 ഹേ! പാർവതീ! പാർവണേന്ദു പ്രമോദേ, പ്രസന്നേ

പ്രകാശക്കുതിപ്പിൽ,കിതയ്ക്കുന്ന നിന്നെ
പ്രകീർത്തിച്ചു പാടാനുമോരോ വിഭാത-
ക്കുളിർവാത ദാഹാർത്തിയായ്‌ നിന്റെ നിശ്വാസ-
വേഗം കുടിക്കാനു,മോമൽത്തടിൽമേനി
പുൽകിത്തലോടാനുമാഴത്തിലാഴത്തി-
ലാഴ്‌ന്നേറെ നേരം മുഴുകിത്തികഞ്ഞാട-
ലാറ്റാനുമീ വിശ്വശക്തി പ്രവാഹക്കുതിപ്പിൽ
കിതപ്പായ്‌ ഭവിപ്പാനുമെന്നെ ഭവിപ്പിക്ക നീ ഭാവികേ!
ഹേ! ഭാർഗവീ, ഗർവ്വഹർത്രീ, പ്രേമഗാത്രീ, പ്രസിദ്ധേ!
നറും പൂവിതൾ നോറ്റുതോറ്റുന്ന ദിവ്യാനു-
രാഗത്തുടുപ്പിൻ കരൾക്കൂമ്പറുത്തും,
ഇളം ചില്ല മെല്ലെക്കുലുക്കിച്ചിരിച്ചോടി-
യെത്തുന്ന നന്മണിക്കാറ്റിന്റെ കണ്ഠം ഞെരിച്ചും,
വിയർക്കുന്ന പുല്ലിന്റെ ഗദ്‌ഗദം ചോർത്തിക്കുടിച്ചും
ത്രസിക്കുന്ന ജീവന്റെ പുണ്യം കവർന്നും
തിമിർക്കുന്നരക്കൻ, നറും ചോര മോന്തി -
ചിനയ്ക്കുന്നരക്കൻ, ഇരുൾക്കോട്ട കെട്ടി-
യടക്കിക്കപാലാസ്ഥി മാലാവിതാനം
ചമയ്ക്കുന്നരക്കൻ ധരിത്രീ വിലാപം.
വിറയ്ക്കുന്നു ദിക്ക്‌പാലരെല്ലാ,മിടിത്തിയിളിക്കുന്നു ചുറ്റും
ഇതാണെന്റെ ലോകം, ഇതാണെന്റെ യോഗം.
ഹേ! ഭൈരവീ, ശോകഹർത്രീ, യോഗമൂർത്തേ, പ്രചണ്ഡേ!
തൃക്കണ്ണു മൂന്നും തുറന്നാർദ്രയായിത്തിളയ്ക്കൂ
കുതിക്കൂ, ജ്വലിച്ചന്ധകാരം മുടിക്കൂ
കരാളന്റെ വക്ഷസ്സിലോങ്ങിച്ചവിട്ടിച്ചതയ്ക്കൂ
സഹസ്രാരപത്മം വിരിഞ്ഞുള്ളിലേറിത്തിളങ്ങൂ
എടുക്കെന്നെ നീ, നിൻമടിത്തട്ടിലൊട്ടി -
കേകിടക്കട്ടെ നിൻ പോർമുലക്കണ്ണു മുട്ടി.
ഹേ! ശാരദേ, സാർവ്വഭൗമേ; പരിശോഭിതേ,
ശാരദാശസങ്കാശസൗമ്യേ, ശിവേ !
പ്രകാശാങ്കുരങ്ങൾ, പ്രഭാതാത്ഭുതങ്ങൾ
പ്രഹർഷേണ വർഷിച്ചുമേയും ഘനങ്ങൾ
ഘനശ്യാമനീലം, കടക്കണ്ണുചായും വിലാസം
വികാരോൽബണം വിശ്വഭാവം
സമാകർഷചേതോവിതാനം, സരിത്തിൻ
ഹൃദന്താവബോധോദയം, പാരിജാതം
പ്രേമകല്ലോലിനീലീല, ലാവണ്യലാസ്യ -
പ്രകാരം, പ്രസാദം, പ്രകാശം.
ഇതാകട്ടെ ലോകം, ഇതാണെന്റെ മോഹം
ഇതാണെന്റെ നീയായ സത്യസ്വരൂപം
ഹേ! ശ്യാമളേ, ശാന്തരൂപേ, സമുദ്രേ!

Sunday, June 26, 2022

അർപ്പുതം അമ്മാൾ - സെറീന


        
അവനെ പെറാൻ പോയ 
ആശുപത്രിയിലെ 
കാത്തിരിപ്പ് മുറിയായി ലോകം. 
അവർ കാത്തിരുന്നു ,
കാത്തു നിന്നു. 
കുഴഞ്ഞു വീണിട്ടും 
പുറം ലോകം കാണാനിരിക്കുന്ന 
മകന് കാവൽ കിടന്നു. 

കാത്തിരിപ്പ് 
ഇരിപ്പില്ലാത്തൊരു കടൽ
ചോരയുടെ നിറമുള്ളത് .
എത്ര വാതിലുകളിൽ ,
എവിടെയെല്ലാം അതിന്നിരമ്പം 
ഉപ്പ് കയ്ക്കും മുലപ്പാലിൻ തിര. 

ഇരുട്ടിൽ, ജീവജലത്തിൽ 
അവന്റെ പാലം, 
ആ പൊക്കിൾ കൊടി
ഇരുൾക്കാലം കടക്കുവാൻ 
ലോകാന്ത്യം വരേയ്ക്കുമുള്ളത് .

ഇരുമ്പുരുകിയ  ദാഹജലം 
അതൊഴുകും തൊണ്ടക്കുഴൽ 
പെറ്റൊഴിയാത്ത നോവ്,
ഹൃദയം  പേറിയ ഗർഭം. 

ആധികളുടെ 
മഞ്ഞ ജലം ഛർദ്ദിച്ചും 
തളർന്ന പേശികൾ കോച്ചിയുമവർ 
മുപ്പതാണ്ടിനുള്ളിലെത്ര തവണ 
പിന്നെയുമവനെ പെറ്റു!

അൻപ്  പെറ്റ വയറേ ,
മൂന്ന് മുലയുള്ള സ്ത്രീയേ 
തീയടുപ്പിൽ തിളച്ചു വീഴുന്നു 
നിന്റെ കണ്ണീർ ച്ചിരി 
കെട്ടു പോവാതിരിക്കട്ടെ ലോകം.

'

Friday, June 10, 2022

ജ്ഞാനസ്നാനം - ബാലചന്ദ്രൻ ചുള്ളിക്കാട്


(1836 ജനുവരി 8. പാരീസിലെ കൊൺഷെറി പ്രിസൺ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കവിയും കുറ്റവാളിയുമായ പിയ ഫ്രാങ്സ്വാ ലാസണറിന്റെ അന്ത്യരാത്രി. രംഗം സാങ്കല്പികം )


“ലാസണൈർ, എഴുന്നേൽക്ക 
ഫ്രഞ്ചു കൽത്തുറുങ്കിന്റെ 
നൈശയാമത്തിൽ 
ശാന്തം മുഴങ്ങീ മഹാനാദം


അവിടെ ശിരച്ഛേദ 
മാത്ര കാത്തിരിക്കുന്നു. 
കവിയാം കൊലയാളി 
ലാസണൈർ നിദ്രാഹീനം.


അപരാധത്തിൻ ധീര 
കാമുകൻ പ്രേതഗ്രന്ഥം
ധൃതിയിൽ പാരായണം 
ചെയ്തുകൊണ്ടിരിക്കുമ്പോൾ,


"ലാസണൈർ, എഴുന്നേൽക്ക 
ഹാ! ജഗദ്ഗുരുവിന്റെ 
ശാസനം നിശാദിപ 
ജ്വാലയെ സ്തംഭിപ്പിച്ചു.


"അർദ്ധരാത്രി ഞാൻ വന്നു. 
മൃത്യുവിൽനിന്നും നിന്നെ 
നിത്യജീവനിലേക്കു 
വീണ്ടെടുക്കുവാനായി.


ഇന്നു നീ പശ്ചാത്താപം 
കൊള്ളുക, മൂഢത്വത്താൽ
 മണ്ണിൽ നീ ചിന്തിപ്പോയ
കത്തിവായ്ത്തല പോലെ

ലാസണൈർ ചിരിക്കുന്നു. 
"നിത്യജീവിതം വേണ്ട; 
സ്വർഗ്ഗലോകവും വേണ്ട. 
ദുഃഖവുമാനന്ദവും 
ശുദ്ധശൂന്യമായ്ത്തീർന്നു 
മൃത്യുവും മതിപ്പെട്ടു. 
നിത്യമായ് നശിക്കട്ടെ.


കവിയും ദ്വേഷത്തോടെ 
ഞാനിന്നു വെറുത്തോട്ടേ 
കവിയെക്കൊലയാളി 
യാക്കുമി ലോകത്തിനെ.


മുഴങ്ങി മൗനം മാത്രം. 
ലാസർ നിറുകയി ലറിഞ്ഞു
 മുറിവുള്ള തൃക്കരസ്പർശം മാത്രം.


രാത്രി തോരുവാനായി 
മാർത്തയും മറിയയും 
കാത്തുനിൽക്കുന്നു കാരാ 
ഗൃഹത്തിൻ കവാടത്തിൽ

 വധയന്ത്രത്തിൽ നിന്നു 
ജ്യേഷ്ഠനെക്കൈക്കൊള്ളാനും
, ശവഭോജിയാം മണ്ണിൽ
കൊണ്ടുപോയടക്കാനും.

ജയിൽ വർക്ക് ഷോപ്പ് - വീരാൻകുട്ടി

ലൈബ്രറിഹാളിലെ
ശില്പങ്ങൾ എന്നു തോന്നിച്ച
അലമാരകൾ കണ്ടുനടന്നു,
 സെൻട്രൽ ജയിലിലെ
ജീവപര്യന്തം തടവുകാർ പണിതത്.

ക്ഷമ കൈവിട്ടുപോയ
നിമിഷത്തിന്റെ
വിറ മാറാത്ത ഓർമ്മയിൽ,
ഏകാന്തതയോളം വലിയ
 ശിക്ഷയേതെന്ന വെളിവിൽ
അവർ ഓരോ മരത്തെയും
ചെന്നു തൊട്ടു.
വേദനിപ്പിക്കാത്ത വിധം അതിന്മേൽ
ഉളിയെ നടത്തി.
തഴുകുന്ന മാതിരി ചിന്തേരിട്ടു.

കൊല്ലുന്ന അരിശമോ
പകയോ
ദുരഭിമാനമോ
കൈത്തരിപ്പോആയിരുന്നതൊക്കെയും
അവരിലപ്പോൾ
നെറ്റിയും മകുടവുമായി
ആരൂഢവും അണിയവുമായി,
സ്വന്തം കൈകൊണ്ട്
അബദ്ധത്തിൽ മരിച്ച കുഞ്ഞിനെ
ജീവനിടുവിക്കുന്നപോലെ
കരുണയോടെ,
സാവധാനം.

വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
അലമാരകൾ ഇപ്പൊഴും 
പുത്തൻ പോലെ.
നീതിമാന്മാർക്കിരിക്കാനുള്ള റാക്കുകൾ പണിതുപണിത്
അവർക്ക് വയസ്സായി.
ആരെയെല്ലാം തൂക്കിലേറ്റി
വെറുതെ വിട്ടു? 
കുറ്റബോധം തീരാഞ്ഞ് 
സ്വയം ജീവൻ വെടിഞ്ഞു? 
അറിയില്ല.

എവിടെയും പോകാനില്ലാത്ത ഒരാൾ മാത്രം
അതേ വർക്ക് ഷോപ്പിലിരുന്ന് 
തന്റെ ഇപ്പോളില്ലാത്ത കുഞ്ഞിന് 
ഒരു മരത്തൊട്ടിൽ പണിയുന്നു.
അയാളുടെ സ്വപ്നത്തിൽ
 പണിതീർന്നു വരുന്നു
മരണത്തെ എറ്റുന്ന 
ഒരു തെറ്റാലി.

Monday, May 16, 2022

ശൂർപ്പണഖ -കൽപ്പറ്റ നാരായണൻ

ഞാൻ ശൂർപ്പണഖ
രാവണ സോദരി
നാമശ്രവണ മാത്രയിൽ
നിങ്ങളുടെ മനസ്സിൽ
മാംസദാഹമുള്ള കണ്ണുകളും
നഖദംഷ്ട്രകളും 
ഭൂതലം കുലുങ്ങുന്ന നടയും
കാടുവകഞ്ഞ് മാറ്റിയുള്ള വെളിപ്പെടലും.
അതിലെനിക്ക് പരിഭവമില്ല.
ഞങ്ങൾ കാമരൂപികൾ.
അകലങ്ങൾ എന്നെ പക്ഷിയാക്കും
ദൂരശിഖരത്തിലെ പഴങ്ങൾ
എന്നെ വാനരമാക്കും
തളിരുകൾ എന്നെ മാനാക്കും
ജലം എന്നെ മത്സ്യമാക്കും.
ആഗ്രഹത്തിന്റെ രൂപം.
ഭയമില്ല
മറയില്ല 
വാക്കും പൊരുളും വെവ്വേറെ അല്ല
ജീവിതത്തിന്റെ
മറിമായങ്ങൾ നഷ്ടപ്പെട്ടിട്ടില്ല.

രതിനിർവൃതിയോടടുക്കുമ്പോൾ
സുരയസുരവാനരമാനുഷഭേദമില്ലാതെ
ഏത് പെണ്ണിനും എന്റെ പ്രകൃതം
എന്റെ സർപ്പവീര്യം.
ചിലർ ചീറ്റും
ചിലർ കടിക്കും
ചിലർ മുളപൊട്ടുമ്പോലെ കരയും.
ചിലരക്കിടപ്പിൽ പർവ്വതങ്ങൾ കൊറിയ്ക്കും.
അവർ കൊതിക്കുന്ന താഴ്വരയിലൂടെ
ഞാനെന്നും സ്വച്ഛന്ദം നടന്നു
കൈ നീട്ടിയാലെത്താത്തതായി 
രാവണ സോദരിയ്ക്ക്
യാതൊന്നുമുണ്ടായില്ല.
ജീവിതം ഉത്സവമായിരുന്നു അവൾക്ക്.

'രാമോ രമയതാം ശേഷ്ഠ!'
എന്ന് കവി പറഞ്ഞത് നേരെന്ന്
കണ്ടപ്പോൾ എനിക്കും തോന്നി.
രാമന്ന് പക്ഷെ ജീവിതത്തെ ഭയമായിരുന്നു
അയാൾ എന്നെ അനുജന് കൈമാറി
അയാൾക്കതിലേറെ ഭയം.
ഭീരുക്കൾ ശത്രുക്കളേക്കാൾ നീചന്മാർ
അവരെന്നെ പീഡിപ്പിച്ചു രസിച്ചു
 ഭീരുതയും ക്രൂരതയും രണ്ടല്ലെന്ന്
ഞാനറിഞ്ഞു.

കാമ പൂർത്തിവരാത്തതിനാൽ 
ഉള്ള് നുറുങ്ങിക്കരഞ്ഞ
ഇണയെ മനസ്സിലായ കവിക്ക്
എന്നെ മനസ്സിലാകാതെ പോയതാണത്ഭുതം.
അതോ മനസ്സിലായ മഹർഷിയുടെ ശാപമോ
രാമൻ പിന്നീടനുഭവിച്ചതെല്ലാം ?
നേട്ടങ്ങളെല്ലാം കോട്ടങ്ങൾ!

സീത സകാമയല്ലെന്ന് കണ്ട് രാവണൻ
അവൾക്കൊരു വത്സരം
നീട്ടി നൽകുന്നു
നീ കാമരൂപിയാകും വരെ
നിന്നെ ഞാൻ തൊടില്ല. 
സീത എന്റെ സഹോദര
സവിധത്തിൽ സുരക്ഷിത.
രാമ സവിധത്തിൽ ഞാനോ?
കാമരൂപിയായതിനാൽ ഒന്നുകൂടി 
സ്വീകാര്യയും
ദുർബ്ബലയും ദയാർഹയും രക്ഷണീയയും
ആയവളുടെ മൂക്കും മുലയും അരിഞ്ഞു
രാമ നീതി.
ഭക്ഷണം യാചിക്കുന്നവളേക്കാൾ
അഭയാർഹയല്ലേ കാമം യാചിക്കുന്നവൾ.
അവളെ പരിഹസിക്കാമോ?
അവളെ നോവിക്കാമോ?

നിരുപാധികമായ ആനന്ദത്തെ
നിങ്ങൾക്ക് പേടിയാണ്.
മാനുഷരെല്ലാം അസന്തുഷ്ടർ.
എനിക്ക് സീതയോട്
അസൂയയല്ല
സഹതാപമാണ്.
ചളിയിൽ പിറന്നു,
ഭാവിയിൽ എങ്ങനെയെല്ലാം
ആയിത്തീരാമെന്നറിയാത്ത
ഭർത്താവിന്റെ നിഴലായി
പുറകെ തല താഴ്ത്തി നടന്നു ,
യൗവ്വനത്തിൽ 
കല്ലിലും മുള്ളിലുമലഞ്ഞു.
ഭർത്തൃസഹോദരൻ പോലും തന്നെ മോഹിക്കുന്നതായി മോഹിക്കുവാൻ
മാത്രം ചെറുതായ ലോകത്തിൽ ജീവിച്ചു.
ഗർഭിണിയായപ്പോൾ
അനാഥയായി.
ഭർത്താവ് നയിക്കുന്ന രാജ്യം 
തന്നെ പുറന്തള്ളി
സാഘോഷം മുന്നേറുന്നത് നോക്കി
കാട്ടിൽ കഴിഞ്ഞു.
മനുഷ്യസ്ത്രീകൾ കാര്യമില്ലാത്ത
കാത്തിരിപ്പിന്റെ ജന്മാവകാശികൾ.
സീത ജീവിച്ചതിലേറെ കാത്തിരുന്നു.

അറിയാമോ,
രാവണരാമ യുദ്ധം നടന്നത്
ശൂർപ്പണഖയ്ക്ക് വേണ്ടിയായിരുന്നു
സീതയ്ക്ക്   വേണ്ടിയായിരുന്നില്ല.
സീതാപഹരണം
ഒരു യുദ്ധതന്ത്രം മാത്രം.
ഒരു ചുവടുറപ്പിക്കൽ മാത്രം.
എനിക്ക് വേണ്ടി എന്റെ വംശം
ഇല്ലാതാകുന്നത് വരെ പൊരുതി
അവസാനത്തെ ആൾ വരെ
എനിക്കായി രക്തം ചൊരിഞ്ഞു
ഒരാളും എന്നെ പഴിച്ചില്ല.
ആഗ്രഹം ഒരു കുറ്റമല്ല.

                -------------------

Saturday, April 9, 2022

വേനൽമഴ - എ അയ്യപ്പൻ


പാടു നീ മേഘമല്‍ഹാര്‍.. 
പാടു നീ മേഘമല്‍ഹാര്‍,
ഗര്‍ഭസ്ഥ വര്‍ഷത്തിനെ തേടു നീ,
അമ്ലരൂക്ഷമാക്കുക സ്വരസ്ഥാനം
ഗര്‍ജ്ജിയ്ക്കും സമുദ്രത്തിന്‍
ശാന്തമാം കയം നിന്റെ
മുജന്മം ദാഹിയ്ക്കുന്നു,
പാടു നീ മേഘമല്‍ഹാര്‍..

ഇടത്തെ നെഞ്ചിന്‍ ക്ഷതം
വലത്തെ കൈപ്പത്തിയില്‍ തുടിയ്ക്കും
താളത്തിനെ ഗാനമായ് ഹലിപ്പിയ്ക്കൂ

ചരിയും ഗോപുരത്തെ
 താങ്ങുന്ന തോളെല്ലുകള്‍
ചെരിഞ്ഞു മഹാസാന്ദ്ര 
ദുഃഖത്തിന്‍ ഐരാവതം
ഖനിതന്നാഴത്തിലെ 
കല്‍ക്കരിത്തീയില്‍ വീഴും
കണ്ണുനീരാണോ നിന്റെ 
മേഘമല്‍ഹാറിസ വര്‍ഷം

വേനലെ, നിനക്കൊരു രക്തസാക്ഷിയെ തരാം
ധ്യാനത്തില്‍ കണ്ണില്‍ നിന്നും
തോരാത്ത കാലവര്‍ഷം
ഹസ്തങ്ങളറിയാതെ,
എയ്തുപോയ് ശരം തോഴാ
മസ്തകം പിളര്‍ന്നല്ലോ,
മുത്തു ഞാനെടുത്തോട്ടെ.. 

Wednesday, April 6, 2022

വേഗസ്തവം - കെ ജി എസ്

നാല് മണിക്കൂർ കൊണ്ടൊരു
 ഹൃദയം കാസർകോട്ട്ന്ന്
 തിരുവനന്തപുരത്തെത്തിക്കണം; 
ലക്ഷം ഹൃദയങ്ങളെ ഞെരിച്ചോ
 ഇരുപ്പൂ മുപ്പൂ ഇമ്പങ്ങൾ കുന്നിട്ട് മൂടിയോ
ഇരമ്പങ്ങൾ ഈണങ്ങളെ ശ്വാസം മുട്ടിച്ചോ
ഊരിലെ ഉയിർപ്പടർപ്പുകൾ ചുട്ടെരിച്ചോ 
വേഗപ്പാത വിരിക്കണം.

പാതി ഭയത്തിലും പാതി വായുവിലുമായ് 
പായണം പുതു ദുഷ്യന്തരുടെ രാജരഥം. 
വേഗമൂർഛയിൽ 
വളഞ്ഞവ നിവർന്നതായ് 
മുറിഞ്ഞവ ചേർന്നതായ് 
പടുകുഴികൾ നികന്നതായ് 
രൂപം അരൂപമായ് 
ഉണ്മ ശൂന്യതയായ്, 
അതിദൂരം അയൽപക്കമായ് തോന്നണം.

ഗാമക്കപ്പലിന്റെ ഇന്ധനമായ 
പടിഞ്ഞാറൻ കാറ്റിന്റെ,
അധിനിവേശസുനാമിയുടെ വേഗശക്തി, 
ജീവനിലേക്ക് സംഹാരമൂർത്തിയായ് പായും 
വൈറസിന്റെ വേഗം, 
യുക്രെയിൻ സമാധാനത്തിലേക്ക് പായും 
റഷ്യൻമിസ്സൈലിന്റെ വേഗം,
വികസനാദർശമാവണം.

ജ്ഞാനസംജ്ഞകളിൽ നടുങ്ങി
 നിരക്ഷരരോഷം നിശബ്ദമാവണം.
വേഗാനുഭൂതിയിൽ മതിമറന്ന 
മറ്റൊരു ഗോപിയുടെ മേൽ നിന്ദ തെറിക്കണം.

“..യെന്തൊരു സ്പീഡെ”*ന്ന് ഗോപി
 വേഗസ്തവം ചൊല്ലി ത്രസിക്കണം.

 ചതഞ്ഞരഞ്ഞ ദരിദ്രഹൃദയങ്ങൾ തെരുവിൽ
കൂണുകളായി ഉയിർത്തെണീക്കും.

അങ്ങനെ ത്യാഗപങ്കിലമായ 
വികസന സത്യം നാട്ടിലും വിജയിക്കും.

ബലാൽത്യാഗം ബലിയെന്ന്
 അരുതാക്കുരുതിയെന്ന് 
ഈ വികസനം ദുരന്തസ്വയംവരമെന്ന് 
അലമുറ, കണ്ണീർ, ഏഴകൾ, തുടങ്ങിയ 
വികസനവിരുദ്ധർ പറയും, 
വിവരദോഷികൾ.

കേൾക്കരുത്.

-----------------------------------------------------
*സ്വയംവരം - അടൂർ ഗോപാലകൃഷ്ണൻ

Saturday, January 1, 2022

കൈകേയി - കൽപ്പറ്റ നാരായണൻ

രാജാവേ,
രാജപത്നിമാരിൽ
രാജമാതാവാകാൻ
എന്നോളം അർഹയായിരുന്നോ
അവരിരുവരും?
നമ്മുടെ സമാഗമങ്ങൾക്ക്
ഏതെങ്കിലുമൊരദൃശ്യശക്തി 
സാക്ഷ്യം വഹിച്ചിരുന്നെങ്കിൽ
അവൾ പൊട്ടിച്ചിരിച്ചിട്ടുണ്ടാവില്ലേ
കൗസല്യയുടേയോ സുമിത്രയുടേയോ
കഥയറിയാത്ത പ്രജകളുടെയോ കരച്ചിലിൽ.

അങ്ങ് എന്റെ കാതിൽ പറഞ്ഞില്ലേ,
നീയെന്റെ മടിയിലിരിക്കുമ്പോൾ
യയാതിയെ എനിക്ക് മനസ്സിലാകുന്നുവെന്ന്
എന്നെന്നും നിനക്കർഹനായിത്തീരാൻ
യൗവ്വനത്തിനായി ആരുടെ മുന്നിൽ
പിച്ചതെണ്ടാനും എനിക്ക് മടിയില്ല എന്ന്. 

രാത്രികൾക്ക് കൂടുതലറിയാം,
എന്റെ ജീവിതത്തിൽ ഒരേ ഒരു സ്ത്രീയേയുള്ളൂ അത് നീയാണ് എന്ന്
അങ്ങയുടെ ശരീരം
എന്നോടുരിയാടാറുള്ളതല്ലേ നിരന്തരം?
ശരീരം നുണ പറയില്ല രാജാവേ
അതെന്നോട് പറഞ്ഞു;
ആർക്കൊപ്പം രമിക്കുമ്പോഴും
ഞാൻ നിനക്കൊപ്പം രമിക്കുന്നു.
ആളിക്കത്തുമ്പോൾ
എല്ലാ ദീപവും നീ.

ദേവാസുരയുദ്ധത്തിൽ
ദശരഥന്റെ രഥചക്രത്തിൽ  നി-
ന്നച്ചാണിയൂർന്നു പോയപ്പോൾ
വേദനയെഗ്ഗണിയാതെ
സ്വന്തം വിരൽ ആണിയാക്കി  യുദ്ധം ജയിപ്പിച്ച
കൈകേയിയുടെ കഥ
ഒറ്റത്തവണത്തെ കഥയായിരുന്നില്ല.
എന്റെ ദർശനമാത്രയിൽ അങ്ങയിൽ
പ്രവഹിക്കാറുള്ള പ്രാണശക്തിയുടെ
ഉപമയുമായിരുന്നു അത്.
ജയിച്ചപ്പോഴൊക്കെ ഞാനാണ്
അങ്ങയെ ജയിപ്പിച്ചത്.
ഉത്തേജിപ്പിക്കുന്ന ഊർജ്ജത്തിന്റെ
ഉറവിടമായിരിക്കുക എന്തൊരാനന്ദമാണെന്ന്
ഞാനുമറിഞ്ഞു.
പഴുത്തിലകളായി അടർന്നു വീഴുന്നതേക്കാൾ 
മോഹനം
നിത്യയൗവനമായി തളിരിടുന്നത്

ധർമ്മാർത്ഥ കാമമോക്ഷങ്ങളിൽ
കാമം തന്നെ ശക്തം
ശ്രേഷ്ടവും.
ആവശ്യപ്പെട്ടിരുന്നെങ്കിൽ
അധീനത്തിലുള്ള സകലതും
എന്റെ കാൽക്കലർപ്പിച്ച് 
കുമ്പിട്ട് നിൽക്കുമായിരുന്ന
സന്ദർഭങ്ങൾ നിരവധിയുണ്ട്
അങ്ങയുടെ ജീവിതത്തിൽ.
എന്റെ മുഖത്ത് നോക്കി
എന്നെ നിരാകരിക്കാൻ
അങ്ങേക്കാവില്ല.
എന്നോടിരക്കാനല്ലാതെ
കൽപ്പിക്കാനങ്ങേക്കാവില്ല.
അങ്ങേക്കറിയാം ഞാനായിരുന്നു
ഞാൻ മാത്രമായിരുന്നു രാജ്ഞി.
ഒടുവിൽ പൗരസമക്ഷം
അതങ്ങേക്ക് സമ്മതിക്കേണ്ടി വന്നു
സത്യത്തിന് അങ്ങ്  വഴങ്ങി.
എന്റെ സർപ്പത്തിന് ദംശിക്കാൻ
കാലു നീട്ടിത്തരികയല്ലാതെ
അങ്ങേക്ക് വഴിയുണ്ടായിരുന്നില്ല

മന്ഥര എന്റെ കണ്ണു തുറപ്പിക്കും വരെ
ഞാനൊരിരുട്ടിലായിരുന്നു.
ഇതുവരെ രാജ്ഞിയായിരുന്നവൾ
ദാസിയാവുന്ന പ്രഭാതമാണ് വരുന്നതെന്ന്
അവൾ കാട്ടിത്തന്നു.
മട്ടുപ്പാവിന്റെ മുകളിൽ നിന്ന്
അപ്പരിണാമത്തിന്റെ വരവ് കണ്ട്
എന്റെ പ്രാണസഖി ക്രുദ്ധയായി. 

എനിക്കറിയാമായിരുന്നു
ആരും എന്നെ പിന്തുണക്കില്ല
അധർമ്മികളും പരർ കാൺകെ
ധർമ്മത്തേയേ പിന്തുണക്കൂ
ധർമ്മസംസ്ഥാപനത്തിനായി
സത്യലംഘനത്തിനായി പോലും
ആളുകൾ മുറവിളി കൂട്ടും.
ഞാനാർക്കുവേണ്ടി ഇതെല്ലാം ചെയ്തുവോ
ആ മകനും എന്നെ ഉൾക്കൊള്ളില്ല
ആരുമൊരിക്കലും 
ഉൾക്കൊള്ളാനിടയില്ലാത്തവളുടെ ഏകാന്തത
രാമായണമുള്ളിടത്തോളം
ഞാൻ തനിച്ചനുഭവിക്കും. 

ഞാൻ ആവശ്യപ്പെട്ടതല്ല,
രാവണന്റെ വരവോ
സീതാപഹരണമോ?
പക്ഷെ ഞാനനുഭവിച്ച ഏകാന്തതക്ക്
ശിംശപാവൃക്ഷച്ചുവട്ടിൽ
ഭീതിദമായ ഏകാന്തവാസമനുഭവിച്ച സീതയിലോ
ഗതി തെറ്റിക്കുന്ന
മഹാവനങ്ങളിൽ അവളെ അന്വേഷിച്ചലഞ്ഞ
രാമനിലോ
വേരുണ്ടാവാതെ വരില്ല 

എനിക്കറിയാം
ഞാനെത്ര മധുരിച്ചിരുന്നു എന്ന്
ഇന്ന് ഞാൻ കയ്ക്കുന്നു
സകലർക്കും.
കയ്പ് വലിയ
ഒരേകാന്തതയാണ്.

കൽപ്പറ്റ നാരായണൻ

Thursday, November 25, 2021

തെക്കുതെക്കൊരു തീരം തന്നിൽ -എസ് ജോസഫ്

ഒരു വീട്ടിൽ 
കൂട്ടുകാരനൊപ്പം
താമസിച്ചിരുന്നു
അവന്റെ ചേട്ടത്തിയും രണ്ടു കൊച്ചുപെൺകുട്ടികളുമായിരുന്നു
അവിടെ ഉണ്ടായിരുന്നത്
അക്കാലത്ത് കവിതയെഴുതുമായിരുന്നു
കവിതകളെല്ലാം 
ഇന്ന് ലോകത്തില്ലാത്ത
നീലിയെക്കുറിച്ചായിരുന്നു
അവളുടെ പേര് ഇതല്ല.
അല്പം ഇരുണ്ടവളാകയാൽ
അങ്ങനെ
വിളിച്ചതാണ്
ഞങ്ങൾ  തമ്മിൽ എപ്പോഴും
പിണങ്ങും
പിന്നെ പൊരിഞ്ഞു പ്രണയിക്കും

കൂട്ടുകാരന്റെ വീട്ടിൽ എന്റെ മെയിൻ പരിപാടി
കുട്ടികളെ നൃത്തം പഠിപ്പിക്കുക 
എന്നതായിരുന്നു
 " തെക്കുതെക്കൊരു തീരം തന്നിൽ 
കനി തേടി പോയ് "
" കാവേരിപ്പുഴയിൽ കരിവീട്ടിത്തോണിയിൽ 
കണിവല വീശാൻ പോയവനേ മലയരയാ
എന്റെ മാനഴകാ..."
" കിലുകിലും കിലുകിലും ( // )
കിലും കിലും കിലും കിലും കിങ്ങിണിക്കാട് കിങ്ങിണിക്കാട് " 
എന്നിങ്ങനെ പാട്ടുകൾ ഞാൻ പാടും
കുട്ടികൾ ആടും 

കൂട്ടുകാരനോടും ചേച്ചിയോടും
ഞാൻ നീലിയെക്കുറിച്ചു പറഞ്ഞു
ഒരു ദിവസം കൊണ്ടുവരണമെന്ന് അവർ പറഞ്ഞു.

ഞാനവളെ കൂട്ടിക്കൊണ്ടുവന്നു
നിറം കൊണ്ടും മറ്റെല്ലാം കൊണ്ടും ചേച്ചിയും അവളും യോജിച്ചു.
കുട്ടികൾ അവൾക്കായി നൃത്തം ചെയ്തു.
നമുക്കും ഇതുപോലെ രണ്ട് പെൺകുട്ടികൾ വേണം
അവൾ മന്ത്രിച്ചു.
ഞങ്ങൾ രണ്ടും പറമ്പിലൂടെ നടന്നു
ശർക്കരവരട്ടി കഴിച്ചു
ചുണ്ടുകൂട്ടിച്ചേർത്ത് ശർക്കര നുണഞ്ഞു
ഊഞ്ഞാലാടി
ചോറുണ്ടു
പിന്നെ വെയിൽ കുറഞ്ഞു
നമുക്ക് പോകാം
ഞാനവളോട് പറഞ്ഞു
ഞാൻ വരുന്നില്ല
അവൾ പറഞ്ഞു
ഞാൻ ചിരിച്ചു പോയി
തമാശയാണെന്നാണ്  കരുതിയത്
അവൾ കാര്യമായിട്ടാണ്
പറഞ്ഞത്
ഹാ അതെങ്ങനെ ശരിയാകും ?
അതെന്താണ് നീ
വരാത്തത് ? 
നിനക്ക് വീട്ടിൽ പോകേണ്ടേ ?
ഞാൻ ചോദിച്ചു.
അവൾ എന്നെ തുറിച്ചു നോക്കി
ഒരു ചോദ്യം ചോദിച്ചു
ഇവിടെ വരാത്ത ഞാനെങ്ങനെ
വരും?
ഞാൻ ഞെട്ടിപ്പോയി

അവൾ പറഞ്ഞത് ശരിയാണ്
അവൾ
എന്നെ പിരിഞ്ഞിരുന്നല്ലോ
ഇഷ്ടമില്ലാത്ത കല്യാണം കഴിച്ചല്ലോ
ബ്രെയിൻ ട്യൂമർ വന്ന് മരിച്ചല്ലോ
ക്ഷമിക്കണം കൂട്ടുകാരേ
ഐ ആം സോറി
ഞാനതൊന്നും ഓർക്കാറില്ല

Thursday, October 28, 2021

മതിലുകൾ - കൽപ്പറ്റ നാരായണൻ

 ഞാനും ഗാന്ധിയും

രക്തസാക്ഷികളായത് ഇന്നാണ്
ആഘോഷിക്കണ്ടേ, അവൾ ചോദിച്ചു.
ഒരു ജനവരി മുപ്പതിനായിരുന്നു
ഞങ്ങളുടെ വിവാഹം.
ഗാന്ധിക്ക് ചുമതല കൂടുകയാണ്
ഇനി നിങ്ങളുടെ വിവാഹ വാർഷികവും ഓർമിക്കണം
അന്നാരോ ആശംസിച്ചു. 

ആ വെളിച്ചം അണഞ്ഞൂ അന്ന്
കാമുകനും കാമുകിയും കളി മതിയാക്കി
വീട്ടിൽക്കയറീ അന്ന്
ഇടി വെട്ടീടും വണ്ണം സാക്ഷയും വീണു.
രണ്ടു പേരെ കുറിച്ചുള്ള ആധിയെങ്കിലും മാറി
ലോകവും സന്തോഷിച്ചു.
മതിലിന്റെ ഇരുവശത്തും നിന്നുള്ള
അന്ധമായ സല്ലാപം അന്നു തീർന്നു.
ഭുവനത്തിലെ
എല്ലാ പനിനീർ ചെടികളുമായിരുന്ന
ഒരു പനീർക്കമ്പ്
സൂക്ഷിച്ചില്ലെങ്കിൽ
ഉള്ളം കയ്യിൽ കത്തിക്കയറുന്ന
ഒരു വെറും മുൾക്കമ്പായി അന്ന് .
ഷൂട്ടിങ് കഴിഞ്ഞ്
ആരോ ആ മതിൽ ഉന്തിക്കൊണ്ടുപോയി . 

രണ്ടിടത്തായിരുന്നപ്പോൾ
നന്നായി പ്രകാശിച്ചിരുന്ന രണ്ടു നക്ഷത്രങ്ങൾ
അന്ന് ഒന്നായി.
ഒന്നും ഒന്നും ഒന്നായപ്പോൾ
ഇമ്മിണി ചെറിയ ഒന്നായി

 --------------------------

Wednesday, October 13, 2021

കാക്കകൾ - എസ് ജോസഫ്

1
 

വെളുപ്പിനെ
വാകമരച്ചോട്ടില്‍നിന്ന്
രണ്ട് കാക്കകള്‍
ചുള്ളിക്കമ്പുകൾ പെറുക്കുകയാണ്
ബലം നോക്കി
ഓരോന്നെടുത്ത് പറന്ന്
ആ മരത്തിലെ കൂട്ടില്‍ 
വച്ചുറപ്പിക്കുകയാണ്

 
2

 
ഇത് കാക്കകള്‍ ഇണചേരുകയും
കൂടുകൂട്ടുകയും
ചെയ്യുന്ന കാലം
കാമം പോലെ കടുത്ത വേനല്‍
രാവെളുക്കുവോളം മഞ്ഞും 
മാടിവിളിക്കുന്നു ഉള്‍പ്രദേശങ്ങള്‍,ചതുപ്പുകള്‍,
കുറ്റിക്കാടുകള്‍
ചെറുജീവികളും ചെറുഒച്ചകളും 

 3

ഈ നാട്ടില്‍ത്തന്നെ എത്ര കാക്കക്കൂടുകളാണ്!
പെന്‍സില്‍കൊണ്ട് കുത്തിവരച്ചതുപോലെ
എട്ടുപത്തെണ്ണം എണ്ണി 
ആ കൂടുകളെ
കുയില്‍ കൂക്കുകള്‍ ചുറ്റുന്നുണ്ടോ?
പാമ്പുകള്‍ മരങ്ങളില്‍ പിണഞ്ഞുകേറി
മുട്ടകള്‍
എടുക്കുന്നുണ്ടോ?
ചാറ്റമഴകള്‍ പാതിരാ മയക്കങ്ങള്‍ക്കുമീതെ
തൂളിപ്പോകുന്നു
എല്ലാ മഴകളും കൂടിയാല്‍ ഒരു വലിയമഴയാകും
എല്ലാ വേനലും ചേര്‍ന്നാല്‍ ഒരു തീച്ചൂളയാകും
രണ്ടും കൂടിച്ചേരുന്നിടത്ത് കാച്ചിലിനും ചേനയ്ക്കും ഇഞ്ചിക്കുമൊക്കെ 
മുളപൊട്ടുന്നു

4

വല്ലാത്ത കാലം ഇത്
ഭൂമിയിൽ മുഴുകിയുള്ള ജീവിതം പഴങ്കഥയായി
ഭൂമിക്ക് മനുഷ്യരെ നഷ്ടപ്പെട്ടു
ദുഃഖിതനും ഏകാകിയും
കാമത്താലോ പ്രണയത്താലോ
കത്തിത്തീരുന്നവനുമായ ഞാന്‍ കാക്കകളെ
പിന്തുടര്‍ന്നു
അവ വെള്ളം കുടിക്കുന്നതും കുളിക്കുന്നതും കണ്ടു
കൂടണയാനായ് പറക്കാറുള്ള ആകാശങ്ങള്‍ ഓര്‍ത്തുവച്ചു
ആറ്റുമണലില്‍നിന്ന് കാക്കക്കുടങ്ങള്‍ പെറുക്കിയെടുത്തു
കാക്കത്തൂവലുകള്‍  കൂട്ടിവച്ചു
അവ ചേക്കേറുന്ന പ്രദേശങ്ങള്‍ തേടിനടന്നു
ഒരു കൊച്ചുകുട്ടി പാടുന്നതു കേട്ടു:
“കാക്കേ കാക്കേ കുഞ്ഞുണ്ടോ?”
ഞാന്‍ മടങ്ങുന്നു
ഇല്ലിക്കൂട്ടത്തിനിടയില്‍ എനിക്കൊരു
താവളമുണ്ട്
അവിടെ എല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ട്
തണുപ്പും ഞരളവള്ളികൊണ്ടുള്ള ഒരു ഊഞ്ഞാലും
ഇലകള്‍ വിരിച്ച ഒരു കിടക്കയും ഉണ്ടവിടെ
കൂമനും കുയിലും തലയില്‍ പൂവുള്ള
പാമ്പുമുണ്ടവിടെ
മിക്കവാറും ഞാന്‍ അവര്‍ക്കിടയില്‍ കഴിയും
ഇടയ്ക്കിടയ്ക്ക് മനുഷ്യവേഷംകെട്ടി
പുറത്തിറങ്ങും

( മഞ്ഞ പറന്നാൽ എന്ന സമാഹാരത്തിൽ നിന്ന്)

പന്നി(ഒരു ഫെമിനിസ്റ്റിന് ) - ബാലചന്ദ്രന്‍ ചുള്ളിക്കാട്

നീ എന്നെ
ആണ്‍ പന്നി എന്ന് വിളിച്ചു
നന്ദി.

ആണ്‍പന്നി 
അന്യന്റെ അമ്മയ്ക്കും 
പെങ്ങള്‍ക്കും 
ഭാര്യക്കും മക്കള്‍ക്കും 
ലൈംഗീക സ്വാതന്ത്ര്യം 
പ്രഖ്യാപിക്കാറില്ല.

ആണ്‍പന്നി 
അറിവിന്റെ കനി കാട്ടി 
വിദ്യാര്‍ഥിനികളെയും 
വിധവകളെയും 
വിവാഹമുക്തകളെയും 
വന്ധ്യകളെയും
അസംതൃപ്ത ഭാര്യമാരെയും 
വശീകരിക്കാറില്ല.

ആണ്‍പന്നി 
പെണ്‍പന്നിയുടെ ദിവ്യദുഖങ്ങള്‍ 
ക്ഷമയോടെ കേട്ടിരുന്ന് 
അവളുടെ വിശ്വാസം നേടി
അവസാനം 
കാശുമുടക്കാതെ കാര്യം
സാധിക്കാറില്ല.

പെണ്‍പന്നിയുടെ സാഹിത്യത്തിന് 
ആണ്‍പന്നി അവതാരിക 
എഴുതാറില്ല.
ആണ്‍പന്നി ഒരിക്കലും 
പെണ്‍പന്നിയുടെ 
ജീവചരിത്രത്തിന്‍റെ പുറംചട്ടയില്‍ 
ഇളിക്കുന്ന സ്വന്തം മോന്ത
അച്ചടിക്കാറില്ല.

സ്വാതന്ത്ര്യത്തിന്റെ 
സ്വര്‍ഗരാജ്യത്തിലേക്ക് 
പെണ്‍പന്നിയുടെ പതാക
ആണ്‍പന്നി എന്താറില്ല.

സംഭവിക്കുന്നത് ഇത്രമാത്രം.
കീഴടക്കുമ്പോള്‍ ആണ്‍പന്നിയും
കീഴടങ്ങുമ്പോള്‍ പെണ്‍പന്നിയും
എല്ലാം മറക്കുന്നു.

ആ മറവിയില്‍ നിന്ന് 
ചുരുങ്ങിയത് ആറു കുഞ്ഞുങ്ങള്‍ 
പിറക്കുന്നു !

പിന്മടക്കം - കൽപ്പറ്റ നാരായണൻ

     ----------------
' ഹാ അയാളുടെ ഇടതുകരം
എന്റ തലയ്ക്കു കീഴിലായിരുന്നെങ്കിൽ '
                               - ഉത്തമഗീതം

മധുവിധു അവസാനിച്ച ദിവസം
ഞാൻ വ്യക്തമായോർക്കുന്നു
തലേന്ന് അവൾ തലവെച്ചുറങ്ങിയ കൈ
രാവിലെ എനിക്കുയർത്താനായില്ല
അവൾ അവളുടെ ശരിയായ ഭാരം
വീണ്ടും വഹിച്ചു തുടങ്ങി. 

അന്ന് 
വീട്ടിന് പിന്നിലെ തൊഴുത്തിലെ നാറ്റം
അവൾക്ക് കിട്ടിത്തുടങ്ങി
ജീവിതത്തിന്റെ ഇത്രയടുത്ത്
ആരെങ്കിലും തൊഴുത്ത് കെട്ടുമോ? 

ഉറക്കം പിടിക്കുമ്പോൾ
നീയെന്തിനാണ് വായ തുറക്കുന്നത്
ബാലൻസ് ചെയ്യാനോ?
നീ വളരുമ്പോൾ
അമ്മ പുറത്ത് നോക്കി നിൽക്കുകയായിരുന്നോ '? 

കുറ്റപ്പെടുത്തുമ്പോൾ
ഊർജസ്വലനാകുന്ന ചെകുത്താൻ
ജോലി തുടങ്ങിക്കഴിഞ്ഞു 

പറയണ്ടാ പറയണ്ടാ എന്ന് വെച്ചതായിരുന്നു
നിങ്ങളുടെ ചില മട്ടുകൾ എനിക്ക് പറ്റുന്നില്ല
കുലുക്കുഴിഞ്ഞ വെള്ളം
ഇറക്കുന്നത് കാണുമ്പോൾ
ഭൂമി പിളർന്നിറങ്ങിപ്പോകാൻ തോന്നുന്നു.
തുറന്നു പറയാനുള്ള തന്റേടം
അവൾ നേടിക്കഴിഞ്ഞു.
തിരയുന്നത് വേഗത്തിൽ കിട്ടാൻ തുടങ്ങി. 

നിനക്ക് തോർത്തിക്കിടന്നാലെന്താണ്
ഈറൻ മുടിയുടെ നാറ്റം എനിക്ക് പറ്റിയതല്ല, 
ഞാനും വിട്ടില്ല.
മണം നാറ്റമായി
അനശ്വരത വീണ്ടെടുത്തു കഴിഞ്ഞു. 

മധുവിധു തീർന്നു.
എത്തിച്ചേർന്ന
വിദൂരവും മനോഹരവുമായ ദിക്കുകളിൽ നിന്ന്
ഞങ്ങൾ മടങ്ങിത്തുടങ്ങി
ഇത്ര പെട്ടെന്ന് എല്ലാം കഴിഞ്ഞുവോ?
വെറും ഇരുപത് ആഴ്ച്ചകൾ.
ദൈവം നിരാശയോടെ
വിരൽ മടക്കുന്ന ഒച്ച. 

ഇനിയുമുണ്ട്
രണ്ടായിരം ആഴ്ചകൾ
ഈ സാധുക്കൾ എന്തു ചെയ്യും?
                    --------------------

കൽപ്പറ്റ നാരായണൻ

Thursday, May 20, 2021

ഗൗരി - ബാലചന്ദ്രൻ ചുള്ളിക്കാട്

കരയാത്ത ഗൗരി, തളരാത്ത ഗൗരി
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു. 

നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിനിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.

അതിബുദ്ധിമാന്‍മാര്‍ അധികാരമേറി
തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും

വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.

അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം
അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൗരിയമ്മേ കരയാതെ വയ്യ

കരയുന്ന ഗൗരി തളരുന്ന ഗൗരി 
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി
മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.

ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും.

Monday, May 10, 2021

കലികാലം - കൽപ്പറ്റ നാരായണൻ


ഇന്ദ്രപ്രസ്ഥത്തിലെ
മഹാശില്പം പൂർത്തിയായി. 

പെരുവഴിയിൽ നിന്നാൽക്കാണില്ല
വഴിവിട്ട് നിന്നലതല്ലാതെ കാണില്ല. 

ഒറ്റക്കാലിൽ നിൽക്കയാണൊരു കാള
പിന്നിലെ ഇടങ്കാലിൽ
ദേഹഭാരം മുഴുവൻ പേറി
ഏകാഗ്രതയാൽ മുറുകി.
നിൽപ്പിന്റെ കാഠിന്യം കുറയ്ക്കാനായി
കാലൽപ്പം നടുവിലേക്ക് നീക്കാനോ
കാലിന്നൽപ്പം തടി കൂട്ടാനോ
ശ്രമിച്ചിട്ടില്ല.
വാലിന്നറ്റത്തെ രോമം പോലും
ഒന്നുദാസീനമായാലന്നിമിഷം
നിലം പതിക്കുമെന്നക്കാളക്കറിയാം
നിവർന്നു നിൽക്കുന്ന കാതുകളിലെ
തടിച്ച ഞരമ്പുകൾ
മുന്നിലേക്ക് നീട്ടിപ്പിടിച്ച തല
എടുത്തുപിടിച്ച ചുമൽ
വലിഞ്ഞു നിൽക്കുന്ന വയർ
ഭാരം ആ ഒറ്റക്കാലിന്
വെളിയിലേക്ക് തൂവാതിരിക്കാൻ
സദാ ഞെരുങ്ങുന്നു. 

ഉള്ളതും ഇല്ലാത്തതും കൊണ്ട്
പോയതും വന്നതും കൊണ്ട്
പൊരുതുന്നുണ്ടത്
വീഴാതിരിക്കാൻ 

സത്യത്തിൽ
ഈ കാള
നിൽക്കുകയല്ല
വീഴാതിരിക്കുക മാത്രമാണ്
അതൊട്ടുമെളുതല്ലെങ്കിലും 

മുന്നിൽ
അധികനേരം നിൽക്കാനാവില്ല
കാലുകൾ കുഴയും.
ഒന്ന് വീർപ്പിടാനുള്ള
സ്വതന്ത്യം പോലും ബാക്കിയില്ലെന്ന്
ഇവിടെ നിൽക്കുമ്പോഴറിയും
നിലനിൽപ്പിന്റെ യാതന
അതൊറ്റയ്ക് സഹിക്കുന്നു. 

സംഭവിക്കരുതാത്തതിൽ
ഒന്നുകൂടി സംഭവിച്ചാൽ
ആ കാള നിലംപതിക്കും
ശേഷിക്കുന്നതിൽ പിടിച്ചു നിൽക്കയാണത്.

കലികാലത്ത് ധർമ്മ ദേവൻ ഒറ്റക്കാലുള്ള
ഒരു കാളയായാണ് പ്രത്യക്ഷപ്പെടുക എന്ന്
പൗരാണിക സങ്കല്പം.

ശകുനം -വൈലോപ്പിള്ളിൽ ശ്രീധരമേനോൻ

------------------------------------
പതിവിൻ പടിയിന്നു പട്ടണത്തിലേക്കെത്താൻ
പടിവാതിലിൻ കൊളുത്തിട്ടു ഞാനിറങ്ങുമ്പോൾ
പാത തൻ വക്കത്തുണ്ടു മരിച്ചു കിടക്കുന്നു
പാവമാമൊരാൾ - പശി മൂലമോ രോഗത്താലോ?

ഇന്നലെ രാവിൽ തന്റെ നീണ്ട ജീവിതരാവി-
നന്ത്യയാമവും പോക്കി വീണൊരീയനാഥനെ
മഞ്ഞുകാലത്തിൻ പഴുത്തിലകൾക്കൊപ്പം മണ്ണിൽ
തഞ്ചുമാ മനുഷ്യനെ ഞാനടുത്തെത്തിപ്പാർത്തേൻ.

അല്ലലാം അജ്ഞാതമാം ഭയമാം ജുഗുപ്സയാം
തെല്ലിടയസ്വാസ്ഥ്യമാ, യെൻ നാഗരികചിത്തം
ഇത്തിരി പല്ലുന്തിയൊരാമുഖം നാടിൻ മുന്നേ-
റ്റത്തിനെ പരസ്യമായ് പുച്ഛിപ്പതായിത്തോന്നി

റോട്ടിലൂടപ്പോൾ വന്നാനെതിരേ, സംതൃപ്തി തൻ
തേട്ടലാമൊരു മൂളിപ്പാട്ടുമായൊരു മിത്രം
"ശവമോ" നോക്കിച്ചൊന്നാനദ്ദേഹം "നിങ്ങൾക്കിന്നു
ശകുനം നന്നായ്, പോയ കാരിയം കണ്ടേ പോരൂ."
--------------------------------------

Sunday, January 10, 2021

ഭൂതം - ടി പി രാജീവന്‍

സമയത്തിനു കരം ചുമത്തിയാൽ
ബാധിക്കുക എന്നെയായിരിക്കും.
കണക്കിൽ പെടാത്ത എത്രയോ സമയമുണ്ട്
എന്റെ കൈവശം.
 
സമയമില്ല എന്ന എന്റെ പിശുക്കും
എപ്പോഴും കാണിക്കുന്ന തിരക്കും കണ്ട്
പലരും കരുതിയത്
എന്റെ പക്കൽ തീരെ സമയമില്ല എന്നാണ്.
അവരുടെ സമയം എനിക്ക് കടം തന്നു
തരാത്തവരുടേത് ഞാൻ കട്ടെടുത്തു.
ആർക്കും തിരിച്ചു കൊടുത്തില്ല
 
അന്യരുടെ സമയം കൊണ്ടാണ്
ഇതുവരെ ഞാൻ ജീവിച്ചത്.
കുട്ടിക്കാലം മുതൽക്കേയുള്ളതാണ്
ഈ ശീലം.
 
സമയം പാഴാകുമെന്നു കരുതി
സ്കൂളിലേക്ക് പുറപ്പെട്ട ഞാൻ
പാതിവഴി ചെന്ന് തിരിച്ചു പോന്നു.
മുതിർന്നപ്പോൾ
സമയം ചെലവാകാതിരിക്കാൻ
ഓഫീസിലേ പോയില്ല.
മരണവീടുകളിൽ നിന്ന്
ശവദാഹത്തിനു മുമ്പേ മടങ്ങി.
കല്യാണങ്ങൾക്കു പോയാൽ
മുഹൂർത്തം വരെ കാത്തു നിന്നില്ല.
കാലത്ത് നടക്കാൻ പോയപ്പോൾ
വഴിയിൽ വീണു കിടന്ന
തലേന്നത്തെ സമയങ്ങൾ
ആരും കാണാതെ പെറുക്കിയെടുത്തു
കീശയിലോ മടിക്കുത്തിലോ ഒളിപ്പിച്ചു.
യാത്രകളിൽ ഉറങ്ങുന്ന സഹയാത്രികരെ കൊന്ന്
അവരുടെ സമയം കവരാൻ വരെ തോന്നിയിട്ടുണ്ട്,
പലപ്പോഴും.
 
കഷ്ടപ്പെട്ടു സമ്പാദിച്ച സമയമെല്ലാം
ഇപ്പോൾ പലയിടങ്ങളിലായി
സൂക്ഷിച്ചു വച്ചിരിക്കുകയാണ്.
പറമ്പിൽ,പാടത്ത്,
വീട്ടിൽ, രഹസ്യ അറകളിൽ
ലോക്കറുകളിൽ..
എവിടെയെല്ലാമെന്ന്
എനിക്കു പോലും ഓർമ്മയില്ല.
ചുരുങ്ങിയത്
നാൽപ്പത്‌ തലമുറ
യഥേഷ്ടം ജീവിച്ചാലും
ബാക്കിയാവുന്നത്ര സമയം.
കാവലിരിക്കുകയാണ് ഞാൻ
ഈ ഇരുട്ടിൽ
ഈ വിജനതയിൽ.
-------------------------------------

Friday, November 6, 2020

കവിയല്ലാത്ത ഒരാൾ വിവർത്തനം ചെയ്യപ്പെടുന്നത് - പി ശിവപ്രസാദ്

 

കവിയല്ലാത്ത ഒരാൾ

കവിത എങ്ങനെ എഴുതും

മണ്ണിൽ കാലുകൾ പൂഴ്ത്തി 

മരം പോലെ അനക്കമറ്റ്‌ 

കാറ്റിനെ കോർമ്പൻ ചീർപ്പാക്കി 

വെയിലിനെ അടുപ്പുതിളയാക്കി 

മഴയെ ആകാശത്തിന്റെ സ്വരജതിയാക്കി   

അയാൾ അലഞ്ഞുലഞ്ഞ് നിൽക്കും.

 

പൊഴിയുന്ന ഇലയോരോന്നും 

മോക്ഷത്തിന്റെ കവിതയാകും.

തളിർക്കുന്ന ഇലയോരോന്നും 

ജീവിതപ്രണയത്തിന്റെ ജലതരംഗമാകും.

കിളിർക്കുന്ന വിത്തോരോന്നും 

ശലഭസംഗീതത്തിന്റെ പൂമ്പൊടിയാകും.

 

മണ്ണിൽ നിന്നും കൊളുത്തിയെറിഞ്ഞ 

ഒറ്റ വീണക്കമ്പിയിലൂടെ 

ആകാശത്തിന്റെ ചുംബനം 

അഗ്നിരേതസ്സായി മിന്നിയിറങ്ങും.

 

അങ്ങനെയങ്ങനെ.....

ഭൂമിയിലെ  മണ്ണുമനുഷ്യൻ 

അതെകവിയല്ലാത്ത അയാൾ തന്നെ 

സ്വയം ഒരു കവിതയായി 

വിവർത്തനം ചെയ്യപ്പെടും.

 

വാക്കുകളുടെ നാനാർത്ഥങ്ങൾ 

പൂത്തും കൊഴിഞ്ഞും തുടരുന്ന 

ജീവിതമെന്ന രൂപകം 

ക്രമത്തിൽ അയാളെ 

'കവിഎന്ന് വാത്സല്യപൂർവ്വം 

നൊന്തു വിളിക്കും.

 

*** 

പ്രിയകവി  വീരാൻകുട്ടിക്ക് 

 ===

മൌനബുദ്ധൻ - പി ശിവപ്രസാദ്

അപ്പൻ  പറഞ്ഞ കഥയുണ്ടായിരുന്നു:

എപ്പോഴും സ്വപ്നത്തിൽ ‍ 

ചങ്ങലയും താഴും തെളിയുന്ന

കുട്ടിയായിരുന്നുപണ്ട്.

മുതിർന്നിട്ടും വിട്ടുമാറാത്ത സ്വപ്നം

കണ്ണിൽത്തറച്ച തുടൽമുള്ളായി

 

വയലും മലമേടും കാവേരിപ്പാട്ടും 

നിറഞ്ഞു തുളുമ്പിയാലും

മായില്ല കിലുക്കവും കടുപ്പവും 

വിപ്രശാസനങ്ങളുടെ തിളപ്പും.

ഉരുക്കിയ ഈയത്തിന്റെ 

കടുത്ത വേദനയോടെ കാതുകൾ‍.

എന്നിട്ടും...

അപ്പൻ കേൾക്കാതിരുന്നില്ല 

ഒന്നും മിണ്ടാതിരുന്നുമില്ല.

 

വഴി തെളിക്കാൻ 

വയൽ  ഉഴാൻ 

മട ഉറപ്പിക്കാൻ ‍ 

മഴ പൊലിക്കാൻ 

വാക്കിന്റെ സ്വാതന്ത്ര്യത്തിൽ  

വാനോളം കൊടി ഉയർത്താൻ 

ചങ്ക് കൊടുത്തു

ചാവേറായി

ചങ്ങലയിൽ  കൈകാലുകളും 

താഴുകളിൽ തേൻനാട്ടുപേച്ചുകളും 

കുതറിക്കുതറിയൊടുങ്ങി,

ചതിക്കോലമായി

 

പഴങ്കഥ പറയുമ്പോൾ ‍ 

പതിരില്ലാതെ എഴുതുമ്പോൾ 

അപ്പന്റെ കനൽക്കണ്ണ്‍ 

അമ്പായി തറഞ്ഞ്‌ 

നെറുകയിൽ  നിന്ന്‍ 

ഒരു വൈഗ ഉത്ഭവിക്കും.

ആയിരം പാദണ്ഡങ്ങളുടെ  

ഏഴായിരം നാവുകൾ  ഒത്തുചേർന്ന് 

ഉച്ചസ്ഥായിയിൽ  നിലവിളിക്കും.  

ഐതിഹ്യങ്ങളിൽ  കണ്ണകിച്ചിലമ്പ് 

സമയത്തിൻ  ബോംബാകും.

ദ്രാവിഡന്റെ തുറൈപ്പാട്ടുകൾ ‍  

കാരിരുമ്പിൻ  തിടമ്പേറ്റും.

സംഘകാലം തമിഴഴകിൽ  പീലിവിരിക്കും.

പുറനാനൂറിന്റെ പന്തങ്ങളെരിയിച്ച് 

ഔവ്വയാര്‍ തിണൈകളിൽ ‍ 

അമൃതനദിയൊഴുകും.

അകനാനൂറിന്റെ ആത്മാവ് കേഴുമ്പോൾ ‍  

പാലയും കുറിഞ്ചിയും മുല്ലയും തേങ്ങുമ്പോൾ ‍ 

മരുതവും നെയ്തലും നെഞ്ചത്തടിക്കും

തിരുവള്ളുവർ  വേദസൂക്തങ്ങളിൽ ‍  

തമിഴ് ത്ത്വസംഗീതം തുടിക്കും.

വാനം മഴവില്ലിനെ വിശറിയാക്കും.

ഭാരതിയാരെ തൊഴുതുവണങ്ങി

വീറുണർന്ന പാഞ്ചാലി മുടിയഴിക്കും.

കുരുനിലം മൃതിനിലമായി മാറും

തന്തൈ പെരിയാർ  തലപ്പാവില്‍  

തന്തദൈവങ്ങൾ  ചിതാഭസ്മമാവും

പൂണൂൽ വെളുപ്പിൽ  പുഴു നുരയ്ക്കും.

 

ചരിത്രത്തിൽ ‍...

പിന്നെയും സാക്ഷ്യങ്ങളുണ്ട്  തമ്പീ ...

 

വാക്കുദിക്കാത്ത കിഴക്കൻ മല

കട്ടെടുത്ത നീതികൾ.

ചുരന്ന മാറിടങ്ങൾ കരം കൊടുത്ത 

തായ്കുലങ്ങളുടെ നെരിപ്പോട്.

അടുക്കള വാതിലടയ്ക്കാതെ,

പശിവയറിനെ  മറക്കാതെ,

അരങ്ങുണർത്തിയ ആത്തേമ്മമാർ

ചുഴറ്റിയ ഉടവാളുകൾ‍.

ചോരയൊഴുക്കിയ ബലിക്കല്ലുകൾ ‍....

തല തെറിച്ചു പോയ 

പള്ളിക്കൽ  പുത്രന്മാർ‍.

 

ചരിത്രത്തിൽ‍...

പിന്നെയും സത്യങ്ങളുണ്ട് തമ്പീ...

 

കമ്മ്യൂണിസ്റ്റാക്കിയുടെ വീര്യം 

കണ്ണീർ നദികൾ നീന്തിക്കടക്കും.

തിരുമുറിവുകൾ ലാവയുതിർക്കുമ്പോൾ  

ക്രിസ്തുവിനും നാവ് കിളിർക്കും.

സാത്താൻ വചനങ്ങൾ കപ്പൽക്കൊടിയായി 

ഭൂഖണ്ഡങ്ങൾ കടക്കും.

ലജ്ജയുടെ തിരസ്കൃത ഹൃദയം  

മിനാരങ്ങളെ സ്വപ്നം കാണും.

ജോസഫ് എന്ന തച്ചൻ 

മരക്കുരിശുകളുടെ പണിക്കുറ്റം തീർക്കും.

ശുദ്ധപരിഹാസങ്ങൾക്ക് കാലം 

വെടിയുണ്ടകൾ പുരസ്കാരം നല്കും.

 

ഇല്ല.. തമ്പീ,

നിനക്കറിയില്ലല്ലോ ചരിത്രം;

 

ഇതാ.. നിറുത്തുന്നു,

അക്ഷരങ്ങളുമായുള്ള എന്റെ രതിക്രീഢ.

ഇനി വിരിയുന്ന പൂക്കളിൽ

പൂമ്പൊടിയുണ്ടാവില്ല.

കിളികൾക്ക് കൊത്തിപ്പറക്കാൻ 

ഒരു പഴമുണ്ടാവില്ല... 

വിത്തുണ്ടാവില്ല.

വാക്കുകൾക്ക് ചേക്കേറാൻ 

മരമുണ്ടാവില്ല... 

തണലുണ്ടാവില്ല.

വസന്തങ്ങൾ വിടർത്താൻ 

നിലമോ സൂര്യനോ ഉണ്ടാവില്ല.

നക്ഷത്രങ്ങൾ എരിഞ്ഞുതീർന്ന 

വന്ധ്യാകാശം മാത്രം 

നിന്റെ മനസ്സിൽ പെറ്റുകൂട്ടും

അന്ധതമസ്സിന്റെ ഗുഹകൾ.

 

ഭാഷയുടെ ഭൂപടം കടലെടുക്കുമ്പോൾ 

നിനക്ക് കരയാന്‍ 

ഏത് വാക്കാണ്‌ കൂട്ടുള്ളത്?

 

*********